Wednesday, December 2, 2015

ജാതി പറയിപ്പിക്കാനായി ഒരു ജീവത്യാഗം ...

എൻറെ പൊന്നു നൗഷാദെ ... എന്തിനു ഈ കടും കൈ ചെയ്തു? 

വിവര ദോഷികളെ  കൊണ്ട് ജാതിയും മതവും പറയിപ്പിക്കാനോ ? അതും "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് നമ്മെ പറഞ്ഞു പഠിപ്പിച്ച ശ്രീനാരായണഗുരുവിൻറെ പിന്തുടർച്ചക്കാർ എന്ന് സ്വയം അവകാശപ്പെടുന്നവരെകൊണ്ട്. അതിനെ താങ്ങി പിടിക്കാൻ കുറെ കാവിമുണ്ടെടുത്ത ആളുകളും .

ജീവിതത്തിൽ ഒരിക്കൽപ്പോലും കാണാത്ത , നേരിട്ട് ഒരുപരിചയവും ഇല്ലാത്ത , അതും രണ്ടു 'അന്യസംസ്ഥാന' സഹോദരതൊഴിലാളികളെ രക്ഷപെടുത്താനായി. ഒരു സംശയം മാത്രം ബാക്കി....

ആ മരണത്തിന്റെ കുഴിയിലേക്ക് ഇറങ്ങുന്നതിനു മുൻപ്  ആ സഹോദരന്മാരുടെ ദേശവും, ഭാഷയും, മതവും, ജാതിയും നിങ്ങൾ ചോദിച്ചറിഞ്ഞിരുന്നോ? ഉണ്ടാവില്ല. എനിക്കുറപ്പാണ്. കാരണം അത് ചോദിയ്ക്കാൻ മാത്രം ഉള്ള കരളുറപ്പ് നമ്മളെ പോലെയുള്ള മണ്ടന്മാർക്കു ഇല്ല എന്നതു  തന്നെ.

സ്വന്തം ജീവൻ പണയം വെച്ച് തനിക്കു ഇതുവരെ പരിചയമില്ലാത്ത രണ്ടാൾക്കാരെ രക്ഷപെടുത്താൻ തുനിഞ്ഞിറങ്ങി അവസാനം സ്വന്തം ജീവൻ  ത്യാഗം  ചെയ്യേണ്ടി വന്ന എന്റെ പൊന്ന്  നൌഷാദ്, നിങ്ങളോ അതോ നിങ്ങളുടെ മരണം മതത്തിന്റെ പേരില് ആഘോഷമാക്കിയ ഞങ്ങളോ വിഡ്ഢികൾ?

എന്തായാലും ഒന്ന് തറപ്പിച്ചു പറയാം....ജാതിയും മതവും പറയിപ്പിക്കാനായി വേണ്ടിയിരുന്നില്ല നിങ്ങളുടെ മരണം അല്ല ജീവത്യാഗം. 

നൌഷാദ് നിങ്ങൾ മരിക്കേണ്ടിയിരുന്നില്ല!!!

ആ കുഴിയിൽ നിങ്ങൾ ശ്വസിച്ച വിഷപ്പുകയേക്കാൾ വലിയ വിഷമാണ് ഇവിടെ വളർന്നു വരുന്ന വർഗീയ ചിന്തകൾ. അതിന്റെ പേരിൽ നിങ്ങളുടെ മരണം വികലമാക്കിയ ഞങ്ങളോട് താങ്കളുടെ ആത്മാവ് ക്ഷമിക്കട്ടെ....

മാപ്പ്...ഒരായിരം മാപ്പ്.

നിങ്ങളെയും നിങ്ങളെ കുടുംബത്തെയും   വേദനിപ്പിച്ച ഓരോരുത്തരുടെയും പേരിൽ.   


3 comments:

  1. ഒരു ഇന്ത്യൻ പൌരൻ എന്ന നിലക്ക് ഇവിടെ കേരളത്തിൽ എല്ലാവര്ക്കും തുല്യനീതി നടപ്പിലാവുനില്ല സുബിൻ ചേട്ടാ അത് കൊണ്ട് ആണ് വെള്ളാപ്പള്ളിയെ പോലെ ഉള്ള കള്ളൻമാരെ നമുക്ക് സപ്പോർട്ട് ചെയ്തു സംസാരികേണ്ട ദുരവസ്ഥ ഉണ്ടാവുന്നത് .����

    ReplyDelete
  2. വെള്ളാപ്പള്ളി പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. നൗഷാദിന്റെ ത്യാഗത്തിന്റെ വില കുറച്ചു കാണുകയോ, അയാളുടെ കുടുംബത്തിനു സഹായം നൽകരുതായിരുന്നു എന്നോ, അത് തെറ്റായിരുന്നു എന്നോ വെള്ളാപ്പള്ളി പറഞ്ഞില്ലല്ലോ. അദ്ദേഹം വിമർശിച്ചത് മതേ തറ മുഖം മൂടി ധരിച്ച സർക്കാരിന്റെ വിവേചനാപരമായ നടപടിയെക്കുറിച്ചാണ്

    ReplyDelete
  3. കേരളത്തിൽ സംഘപരിവാർ സംഘടനകളോട് താല്പര്യം ഇല്ലാത്തതും , പക്ഷെ ഹിന്ദു വിഭാഗം പാർശ്വവലികരികപെടുന്നു എന്ന് ചിന്ധികുന്ന വളരെ വലിയ ജനസമൂഹം ഇവിടെ ഉണ്ട് . അവർക്ക് ഒരു വോട്ട് ബാങ്ക് ആവാൻ വള്ളപള്ളി നടശേൻ ഉണ്ടാകുന്ന ഒരു മൂനാം മുന്നണി ഒരു നിമിത്തം ആയി എന്നാണ് അവരുടെ യാത്രയിലെ ജനബാഹുല്യവും ഈ കേസ് എടുക്കലും കാണുമ്പോൾ മനസ്സിൽ ആവുന്നത്.

    ReplyDelete