Friday, May 28, 2010

എന്‍റെ എത്രയും പ്രിയപ്പെട്ട മിയമോള്‍ക്ക്‌,

ഈ ഒരു posting നടത്താന്‍ അല്‍പ്പം വൈകിപ്പോയി എന്നറിയാം. മനപ്പൂര്‍വമല്ല. നീ എന്‍റെ ഒപ്പം തന്നെ ഉണ്ടായിരുന്നല്ലോ.

ഞാന്‍ ഇപ്പോള്‍ എഴുതുന്നതൊന്നും നിനക്ക് വായിക്കാന്‍ കഴിയില്ല എന്നറിയാം. പക്ഷെ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ തുടങ്ങുമ്പോള്‍ നിനക്ക് എന്നെ വായിക്കാന്‍ കഴിയും.

നീയും ഞാനും ആരും അറിയാതെ നിനക്ക് ഒരു വയസ്സ് തികഞ്ഞു. Yes, You are One year old now ! Happy Birthday !!!

ഇന്ന് എന്‍റെയും ജിഷിയുടെയും ഒക്കെ ലോകം നീ മാത്രമാണ്. നിന്‍റെ കുസൃതികളും വികൃതികളും വാശിയും ഒക്കെയാണ് ഞങ്ങളുടെ സംസാര വിഷയം. നിന്‍റെ മമ്മയുടെ ജോലി ആവശ്യാര്‍ത്ഥം നീയും മമ്മയും എന്നില്‍ നിന്നും ഒരുപാട് അകലെയാണ്. ഒന്ന് ഓടി എത്താന്‍ പോലും മിനിമം 12 മണിക്കൂര്‍ വേണം. പക്ഷെ നിങ്ങളൊക്കെ എന്‍റെ ഒപ്പം ഉണ്ട്. എന്‍റെ മനസ്സില്‍ , എന്‍റെ ഹൃദയത്തില്‍. കണ്ണടച്ചാല്‍ മിയകുട്ടിയുടെ കളിയും ചിരിയും ഒക്കെയാണ് ഓര്‍മ വരിക. ഒരുപാട് അകലെയാണെങ്കിലും അടുത്തുണ്ട് ഞാന്‍ ....നിങ്ങളുടെ ഒക്കെ വളരെ അടുത്ത്.

മിയ, ഞാന്‍ ഇത് എഴുതുന്നത്‌ ഒരു കാര്യം ഓര്‍മപ്പെടുത്തുവാന്‍ വേണ്ടിയാണ്. നേരത്തെ പറഞ്ഞ പോലെ നീയും മമ്മയും ഒക്കെ മടികേരി എന്ന് പറയുന്ന സ്ഥലത്താണ് ജീവിക്കുന്നത്. നിന്‍റെ മമ്മക്ക് ആദ്യമായിട്ട് posting കിട്ടിയത് അവിടെയാണ്. അതുകൊണ്ട് നിന്നെ പരിപാലിക്കുവാന്‍ വേണ്ടി മമ്മിയും ബിച്ചുമ്മയും മാറി മാറി നിങ്ങളോടൊപ്പം നില്‍ക്കുന്നു. ഇവിടെ പപ്പയും മാമനും ഒക്കെ ആ കാരണം കൊണ്ട് ഒറ്റക്കാണ്. ഇതെല്ലാം എനിക്കും മമ്മക്കും മിയകുട്ടിക്കും വേണ്ടിയാണ് അവര്‍ ഇതൊക്കെ സഹിക്കുന്നത്. ഞാനോ മമ്മയോ മിയക്കുട്ടിയോ ഇതൊന്നും മറക്കരുത്.

അവര്‍ നമ്മള്‍ക്ക് വേണ്ടി സഹിച്ചതെല്ലാം ഒരു കടമായിട്ട് എപ്പോഴും ബാക്കിനില്‍ക്കും....എത്രയൊക്കെ തിരിച്ചു കൊടുത്താലും അതൊന്നും അവര്‍ സഹിച്ച വേര്‍പാടിന് പകരമാവില്ല. അത് മറക്കരുത്.

മിയകുട്ടി വളര്‍ന്നു വലുതായി വല്യ കുട്ടി ആകുമ്പോഴും ഇന്ന് അവരോടു കാണിക്കുന്ന സ്നേഹം അതുപോലെ ഉണ്ടാകണം. അവരെ ആരെയും ഒരു കാലത്തും , ഒരു കാരണവശാലും വിഷമിപ്പികരുത്. അവര്‍ക്ക് തിരികെ കൊടുക്കാന്‍ മിയകുട്ടിയുടെ കയ്യിലുള്ളത് അതാണ്‌.

വേഗത്തില്‍ വളരുന്ന ലോകത്തോടൊപ്പം വളര്‍ന്നോളൂ ....പക്ഷെ മാറുന്ന ചിന്താഗതിക്കനുസരിച്ച് നമ്മുടെ പാരമ്പര്യത്തെയും മൂല്യങ്ങളെയും ധാര്‍മികതയെയും ഒന്നും കൈ വെടിയരുത്. നമ്മുടെ ഒപ്പം എപ്പോഴും ഉണ്ടാകുന്ന സ്വത്തു അതായിരിക്കണം.

എന്‍റെ പ്രിയപ്പെട്ട മിയക്കുട്ടിക്കു ഞാന്‍ എഴുതിയത് മനസ്സിലായെന്നു വിചാരിക്കുന്നു.

സ്നേഹത്തോടെ,
നിന്‍റെ സ്വന്തം ,
അബ്ബ.

No comments: