Thursday, November 26, 2015

സമൂഹമേ ഉണരുക ... കണ്ണ് തുറക്കുക. കുറച്ചു വെളിച്ചം കയറട്ടെ !

 ആമിർ ഖാൻ , എ. ആർ. റഹ്മാൻ, ഷാരുഖ് ഖാൻ ഇവരൊക്കെയാണല്ലോ ഇപ്പോഴത്തെ സംസാര വിഷയങ്ങൾ.

ഞാൻ ഒന്ന് ചോദിച്ചോട്ടെ?

ഇവർ പറഞ്ഞപ്പോൾ മാത്രമെങ്ങിനെ ഇത്ര വിവാദമുണ്ടായത്? അത് തന്നെ ഏറ്റവും വലിയ തെളിവല്ലേ അവർ പറഞ്ഞതെല്ലാം സത്യമാണെന്ന്. 

മാസങ്ങള്ക്ക് മുമ്പ് ശ്രീമാൻ L.K. അദ്വാനി ഇതേ 'അസഹിഷ്ണുത' യെ കുറിച്ച് പറഞ്ഞപ്പോൾ,  ഇപ്പോൾ വാ തോരാതെ തെറി വിളിക്കുന്ന പൗരന്മാരെ ആരെയും കണ്ടില്ലല്ലോ . അപ്പോഴെന്തേ നിങ്ങളുടെ നാവിറങ്ങിപോയോ? അതോ...മുകളിൽ നിന്നും ഓർഡർ വന്നോ? അത് ഏറ്റെടുക്കേണ്ട  എന്നും പറഞ്ഞ്...

നിങ്ങൾ എത്രയൊക്കെ ഉറഞ്ഞു തുള്ളിയാലും   ഓരോ ദിവസം കഴിയുമ്പോഴും മതപരമായ അസഹിഷ്ണുതയെ കുറിച്ച് പുതിയ പുതിയ പ്രസ്താവനകൾ വരുന്നതും ഒരു കൂട്ടം ആളുകൾ അതിനെ പിന്താങ്ങുന്നതും അതിലും വലിയ ഒരു കൂട്ടം ആളുകൾ അതിനെ എതിർക്കുന്നതും ഈ പറയുന്ന 'അസഹിഷ്ണുത' ഇവിടെ ഈ ഇന്ത്യയിൽ വളർന്നു വരുന്നു എന്നതിന്റെ തെളിവാണ് . 

മതത്തിന്റെ പേരിൽ അസഹിഷ്ണുത വളർത്തുന്നവർ മനസ്സിലാക്കുക.  നിങ്ങൾ എതിർക്കുന്നത് മതത്തെയല്ല . ദൈവത്തെയാണ്. ഒന്നറിയുക. ജീവിതത്തിൽ വല്ലാതെ ഓടി തളർന്നു ദുർബലരാകുമ്പോൾ മനുഷ്യന്  ആശ്വാസം തേടാൻ ദൈവത്തോളം പോന്ന മറ്റൊന്നുമില്ല. ഈ സമൂഹത്തിൽ, ജീവിതത്തിന്റെ നെട്ടോട്ട പാച്ചിലിനിടയിൽ, വല്ലാതെ ഒറ്റപെട്ടു പോകുമ്പോൾ ആരെങ്കിലും ഒക്കെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നത് 'എനിക്ക് ദൈവമുണ്ട്' എന്ന ചിന്തയാണ്. ആ ദൈവത്തെ നിങ്ങളെ എന്ത് പേരിട്ടും വിളിച്ചോളൂ. പക്ഷെ അതാണ്‌ സത്യം. അതാണ്‌ ആ വികാരം. അത് ശരിക്കും ഉള്കൊണ്ടിട്ടുള്ള ആർക്കും ആ ദൈവത്തിന്റെ പേരിൽ അക്രമം നടത്താനോ അല്ലെങ്കിൽ അതിന്റെ  പേരിൽ ഒരാളെയോ ഒരു സമൂഹത്തിനെയോ അടച്ചാക്ഷേപിക്കാനോ കഴിയില്ല.

വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എല്ലാ മതങ്ങളും, വിശ്വാസങ്ങളും, ജാതിയും, ഭാഷയും, സംസ്കാരവും തുല്യമായി സംരക്ഷിക്കപ്പെടണമെന്നും ആദരിക്കപ്പെടണമെന്നും  കരുതുന്നിടത്താണ് ഭാരതത്തിന്റെ  സഹിഷ്ണുത പൂർത്തിയാക്കപ്പെടുന്നത്.

 സമൂഹമേ ഉണരുക ... കണ്ണ് തുറക്കുക. കുറച്ചു വെളിച്ചം കയറട്ടെ !

----


No comments: